ഓം
രാമയാനം (കൃഷ്ണായനം 3)
ശ്രീരാമനിലൂടെ ഒരു ഭ്രാന്ത സഞ്ചാരം…
[ഈ ലേഖനത്തിന്റെ അവസാന വരികള്‍ വായിക്കാതെ നിര്‍ത്തരുത്.എങ്കില്‍ എന്റെ ഈ പ്രയാണം അപൂര്‍ണ്ണമാകും,കാരണം ഇനി ഒരു പ്രയാണം...]
അഞ്ചു മാസങളും 2 ദിവസവും പിന്നിട്ടു,ഞാന്‍ ഒരു വരി തികയ്ച് എഴുതിയിട്ട്. മാസങള്‍ മുന്നോട്ട് പോയപ്പോള്‍ വരികള്‍ കുറിക്കാന്‍ ഞാനും മറന്നു.കൃഷ്ണായനം ,പ്രാണായനം തുടങിയ 2 ലേഖനങള്ക്ക് ശേഷം എഴുതിയത് ഒരു ആംഗലേയ പ്രബന്ധം ആയിരുന്നു.ചുരുക്കം ചിലര്‍ക്ക് മാത്രം അയചുകൊടുത്ത ഒരു ലേഖനം.
വിദ്യാഭ്യാസവും കലയും കാമിനിയും കളവാണിയും കാളിയും ദിവസങളേ തുല്യമായി ഭാഗിച്ചെടുത്തു.പാവം നിദ്രയ്ക്ക് വല്ലപ്പോഴും എന്നെ തനിച്ച് കിട്ടി ഒന്നു കഥ പറയാന്‍.
ഒടുവില്‍ ഞാനും കാളിയും നിദ്രയും മാത്രമായപ്പോള്‍ എഴുതാമെന്നു വയ്ചു.എങ്കിലും കൂട്ടരേ!ഞാന്‍ വീണ്ടും ആ പഴയ ഭ്രാന്തന് തന്നെ.എന്റെ ഭ്രാന്തുകള്‍ ഇഷ്ടമുള്ളവര്‍ എന്തെങ്കിലും കേള്‍ക്കുവാനായി നിരന്തരം പറയുന്നു.എന്റെ എഴുത്തുകള്‍ പ്രഹസനവും സഭ്യതയ്ക്ക് ചേരാത്തവയും എന്നു പറഞ്ഞവര്‍ :ഇനി ഈ അക്ഷരദ്രോഹം വേണോ “എന്നും ചോദിച്ചു.”പ്രാണായാനം നിലവാരം കൂടിപ്പോയി എന്നും കുറഞ്ഞുപോയി എന്നും 2 മതം.
“ കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസാ ഭോഗങള് തേടുന്നു”
എന്നതുപോലെ ഞാന്‍ എന്നില്‍ വന്നു നിറഞ്ഞ ഒരു പുതിയ ഭ്രാന്തിനെ ഇതാ കെട്ടഴിച്ച് വിടുന്നു.ഈ ലേഖനത്തിനായി ഞാന്‍ എന്നെ ഇതിലേ കഥാപാത്രമായി മാറ്റുകയായിരുന്നെന്നു എന്റെ കാമിനിക്ക് പോലും മനസിലായില്ല.അതിനായി ഞാന്‍ മാറിയപ്പോള്‍ അതു താല്കാലികമായിരുന്നെന്നു അറിയാതെ അവള് വേര്‍പെട്ടു.
“ലക്ഷ്മിയും അസ്ഥിരയല്ലോ മനുഷ്യര്‍ക്കു നില്‍ക്കുമോ യൌവനം പുനര്‍ അധ്രുവം?”
വിശ്വാസികള്‍ എന്നോട് ക്ഷമിക്കു ,ഈ അക്ഷരക്കൂട്ടങള്ക്ക് മതമില്ല മനുഷ്യനുമില്ല.ഇവ വെറും പച്ചയായ ഒരു മനുഷ്യന്റെ വാക്കുകളാണ്.
വാക്കുകളുടെ ഉറവ വറ്റി എന്നു വിചാരിച്ച് കഴിയുന്ന ദിനങള്‍ ആയിരുന്നു.എപ്പോഴോ പത്രത്തില്‍ ഒരു കുറിപ്പ് കണ്ടു
“മഹാരാഷ്ട്ര മറാത്തികള്‍ക്ക്:”
‘ദാ കിടക്കുന്നു രാമന്റെ സംശയം’
കഴിഞ്ഞ 2 തവണ “ രാമകൃഷ്ണന് എന്ന നാമത്തിലുള്ള ഈ ശരീരത്തെ ‘അഹം’ കൃഷ്ണനെ അളന്നു കുറിച്ചു.ഇത്തവണ മഹാഭാരതം മാറ്റി നിര്‍ത്തി ഞാന്‍ ദ്വാപരയുഗം വിട്ട് കളിക്കുന്നു.കഥ കുറയ്ച്ച് പുറകിലേയ്ക്ക്.ഒരല്‍പ്പം ഫ്ലാഷ്ബാക്കാണ്.
“ത്രേതായുഗം”
പോസ്റ്റുമോര്‍ട്ടം നടത്തുന്നത് രാമന് എന്ന ഞാന്‍,നടത്തുന്ന ശരീരം അഥവാ വ്യക്തി ഭഗവാന് ശ്രീ രാമന്.സാക്ഷാത് മര്യാദാ പുരുഷോത്തമന് ശ്രീരാമന്,!
പ്രാണായാമം എഴുതിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഒരു കാര്യം ശ്രദ്ധിക്കണം,ഞാന്‍ വെറും ഒരു മനുഷ്യനാണ്.എനിക്ക് മൊറാലിറ്റിയും സാംസ്കാരികതയും എന്റെ ചിന്തകളില്‍ ഇല്ല പ്രവര്‍ത്തിയില്‍ മതി.എല്ലാം എന്റെ വെറും ഭ്രാന്തന് ചിന്തകള്‍ മാത്രം!
വാല്മീകി രാമായണം പ്രസിദ്ധമായിട്ടും ശ്രീരാമനെ വെടിവയ്ച്ച് കൊല്ലുവാന്‍ ആര്‍ക്കും സാധിച്ചില്ലല്ലോ എന്നതാണ് എന്റെ ദു:ഖം.കാരണം എന്തെന്നോ?ഇക്കാലമത്രയും രാമന് രാജാവെന്ന് പറഞ്ഞ് ഭരിച്ച രാജ്യം.അതു രാമന്റെയായിരുന്നോ?അല്ല ! എങ്കില്‍ ആരുടേത്? ശാന്തയുടേതോ ?അതോ സാക്ഷാത് കൂടല്മാണിക്യനായ ഭരതന്റേതോ?
എങ്കില്‍ ഞാന്‍ പറയുന്നു അതു ശ്രീ രാമന്റേതല്ല .ശ്രീ രാമന് വെറും അധികാര മോഹിയായ ഒരു മനുഷ്യരാജാവ് മാത്രമാണ്!
സംശയമുണ്ടോ? നമുക്ക് ഒരു യാത്ര തുടങാം ?
ഇത്തവണ ഞാന്‍ നിങളോട് പറയാന്‍ പോകുന്നത് ചരിത്രമാണ് .ഭൂമിയുടേതല്ല ! ദൈവങളുടേതും മനുഷ്യന്റേയും ഹിന്ദുവിന്റേയും പിന്നെ ശ്രീരാമന്റേയും.
രാമയാനം-രാമനിലൂടെ ഒരു യാത്ര!
പതിവ്പോലെ വായനക്കാരോട് 2 ചോദ്യങള്‍ തുടക്കത്തിലേ ചോദിക്കട്ടേ!
1.ഹിന്ദുത്വ വിശാരദന്മാരോട് മാത്രം –ഹിന്ദുവെന്നാല്‍ എന്തു അര്‍ത്ഥം?
2.ഹിന്ദുമത വിശ്വാസികളോട്-കൃഷ്ണന് രാമന് വിഷ്ണു കാളി കൂളി ചാത്തന് മാടന് മഹാദേവന് തുടങി മുപ്പത്തിമുക്കോടി ദൈവങള്.ഇതില്‍ എത്ര ദൈവങള് നമ്മുടെ സ്വന്തമാണ് അഥവാ ഭാരത സംസ്കാരത്തിന്റെ സൃഷ്ടീയാണ്?
രാമയാനം ഇവിടെ തുടങുന്നു…
എഴുതണം .എന്ത് ? എന്നതായിരുന്നു ചോദ്യം.എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മുത്തശ്ശി രാമായണം വായിക്കുന്നത് കേട്ടത്.ചിന്തകള്‍ രാമനിലെത്തി.ശരി എങ്കില്‍ രാമനെ വാക്കുകളിലൂടെ ഒന്നു വരയ്ച്ച് നോക്കാം …ഒടുവില്‍ അനേകം താളുകളിലൂടെ യാത്ര ചെയ്തപ്പോള്‍ വളരെ വ്യത്യസ്ഥമായ ഒരു ചിന്താഗതി എന്നില്‍ വീണ്ടും ഉടലെടുത്തു.എന്തേ മര്യാദാപുരുഷോത്തമനെ മര്യാദയില്ലാത്തവനായി കണ്ടുകൂടാ ?ഒരു ശ്രമം. ഇതു കേട്ടതും വീട്ടുകാര്‍ എനിക്ക് അസുഖമായെന്നും കൂട്ടുകാര്‍ ഇവന് നേരെയാകിലെന്നും പറഞ്ഞു.ഇതൊന്നുമറിയാത കാമിനി ഞാന്‍ അധപതിചെന്നും ധരിച്ചു.പക്ഷെ കൃഷ്ണായനം എഴുതുമ്പോള്‍ ഞാന്‍ എത്തിയ “സോ അഹം” എന്ന അവസ്ഥയില്‍ നിന്നു ഇപ്പോള്‍ ഞാന്‍ എത്തിയത് “ജഗന് മിഥ്യ ബ്രഹ്മന്‍ സത്യ” എന്നതാണെന്ന് എനിക്ക് മനസിലായി.ഇതാ ഞാന്‍ മുന്നോട്ട് പോകുന്നു.
ആദ്യം അല്‍പ്പം വിരസത ഉണ്ടാകുമെങ്കിലും നിങള്ക്കും രാമായണം വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിലൂടെ കാണാനാകും.
യുഗങള്‍ നാല്. അതില്‍ രണ്ടാമത്തെ യുഗമായ ത്രേതായുഗമാണ് നമ്മുടെ വിഷയം.
പലപ്പോഴും പലരും വ്യക്തികളെ ശ്രീരാമനോട് ഉപമിക്കാറുണ്ട്.മര്യാദയുടെ അവസാന വാക്ക്.മര്യാദയുടെ ഇരിപ്പിടം.പുരുഷന്മാരില് ഉത്തമന് എന്നിങനെ നിര്‍ത്തതെയുള്ള പലഭാഷ്യങള് ,കഥകള്‍,കഥാസരിത് സാഗരങള്. പക്ഷെ എന്നെങ്കിലും നിങള്‍ ആലോചിച്ചിട്ടുണ്ടോ നിങള്‍ മര്യാദാ പുരുഷോത്തമനെന്നു പാടിപ്പുകഴ്ത്തുന്ന ഈ ശ്രീരാമന് വെറും ഒരു രാജ്യാധികാര മോഹിയും മര്യാദ തൊട്ട് തീണ്ടാത്തവനുമാണെന്ന്? എങ്കില്‍ അതാണ് സത്യം.
ദൈവങളുടെ അധികാര മോഹം വെളിപ്പെടുത്താനും ഊട്ടി ഉറപ്പിക്കാനുമായി ഭഗവാന് എടുത്ത അവതാരമായിരുന്നില്ലേ ശ്രീ രാമന് .
ശ്രീരാമനെ കുറിച്ച് അറിയുന്നതിനു മുന്‍പ് ഒരല്‍പ്പം ചരിത്രം .ഇതു ശ്രീരാമന്റെയല്ല പിതാവ് ദശരഥന്റെയാണ്. ദാശരഥിയുടെ അധികാരം ദശരഥനില്‍ നിന്നു കിട്ടിയതാണോ? പക്ഷേ ദാശരഥി അധികാരം ഊട്ടിയുറപ്പിച്ചത് അദ്ദേഹത്തിന്റെ രാജ്യത്തിലാണോ? അല്ല!
എങ്കില്‍ അയോദ്ധ്യാ രാജ്യം ആരുടേത്? സാക്ഷാത് കൂടല്‍മാണിക്യന്‍ ഭരതന്റേത്. എങനെയെന്നല്ലേ…
[പുത്രന്-മകന്,പൌത്രന്-മകന്റെ മകന്,പ്രപൌത്രന്‍-പൌത്രന്റെ മകന്]
വിഷ്ണുവില് നിന്നു ബ്രഹ്മാവ് ,ബ്രഹ്മാവില്‍ നിന്നു മരീചി മരീചിയില്‍ നിന്നു കശ്യപന് കശ്യപന്റെ പൌത്രന് വൈവസ്വതമനു,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ക്ഷുപന്‍,അദ്ദേഹത്തിന്റെ പ്രപൌത്രന്‍ ശശാദന്‍,ശശാദനില് നിന്ന് കുകുത്സ്ഥന്‍ അദ്ദേഹത്തിന്റെ പ്രപൌത്രന്‍ പ്രസേനജിത്ത് അദ്ദേഹത്തിന്റെ പൌത്രന്റെ പ്രപൌത്രന്‍ അനരണ്യന്‍ അദ്ദേഹത്തിന്റെ പുത്രന്റെ പ്രപൌത്രന്‍ സത്യവ്രതന്,സത്യവ്രതന്റെ പുത്രന് സത്യധര്‍മ്മ സമാഹാരമായ രാജാ ഹരിസ്ചന്ദ്രന് അവിടെ നിന്നു രോഹിതാശ്വന് പിന്നീട് ആറ് തലമുറയ്ക്ക് ശേഷം കേശിനി,കേശിനിയുടെ പൌത്രന്റെ പ്രപൌത്രന്‍ സിന്ധുദ്വീപന്‍ അദ്ദേഹത്തിന്റെ രണ്ടാം തലമുറ നളചരിതത്തിലെ പ്രശസ്തനായ റിതുപര്ണ്ണന്,അദ്ദേഹത്തിന്റെ ആറാം തലമുറ മൂലകന്‍,മൂലകന്റെ അഞ്ചാം തലമുറ ദശരഥന്.
കഥ ഇതുവരെ നില്ക്കട്ടേ.ഇതു രഘുവംശ ചരിത്രം…
നേമി എന്നതായിരുന്നു ദശരഥന്റെ യഥാര്‍ത്ഥ നാമം.ശംബരന് എന്ന അസുരന് ഇന്ദ്രനെ ആക്രമിച്ച സമയം ഈ നേമി അദ്ദേഹത്തെ സഹായിക്കുകയും.ഒരെ സമയം പത്ത് ദിക്കില്‍ പത്തായി പ്രത്യക്ഷപ്പെട്ട ശംബരനെ ഏകകാലത്തില്‍ രഥത്തെ നിര്‍ത്തി ഒരേ നിമിഷത്തില്‍ അസ്ത്രം അയച്ച് വധിച്ചതിനാല്‍ ദശരഥന് എന്നു പേര് ലഭിച്ചു(കമ്പരാമായണം യുദ്ധകാണ്ഡം)
ദശരഥനു ഭാര്യമാര്‍ 3
കൌസല്യ്
കൈകേയി
സുമിത്ര
ആദ്യ ഭാര്യയായ കൌസല്യയില്‍ ഉണ്ടായത് ഒരു പുത്രി- ശാന്ത
· സതീര്‍ത്ഥ്യനായ ലോമപാദന് ദത്തും നല്കി… എന്തിന്?
ഭോഗസുഖങള് മൂത്തു നടന്ന ദശരഥന് വീണ്ടും വീണ്ടും പാണീഗ്രഹണം നടത്തി.
“പുത്രന്മാര് ഉണ്ടാകുവാന്‍ വേണ്ടി”
ഒടുവില്‍ യാഗഫലത്താല് പുത്രന്മാരും ഉണ്ടായി…
കുറച്ച് ഫളാഷ്ബാക്ക്…
കേകേയ രാജന് യുധാജിത്ത് തന്റെ പുത്രിയെ കൊടുക്കുന്നതിനു മുന്‍പ് ദശരഥനില്‍ നിന്നു ഒരു സത്യം വാങി
“എന്റെ പൌത്രന് രഘുവംശാധിപതിയാകും”
ഇതു കന്യാ ശുല്കമായി വാങിയാണ് ദശരഥന് കൈകേയിയെ വിവാഹം ചെയ്തത്.
“കൈകേയിക്ക് നല്കിയ കന്യാശുല്ക്കമായ രാജ്യമാണ് രഘുരാജ്യം അഥവാ അയോദ്ധ്യ!”
[ഇതു ഓര്‍മിക്കുക]
കൌസല്യയില്‍ ശ്രീരാമന് , കൈകേയിയില്‍ ഭരതന് , സുമിത്രയില്‍ ലക്ഷ്മണന് ശത്രുഘ്നന്‍ ഇങനെ 4 പുത്രന്മാര്
ഇനി ഇതിനു മുന്‍പ് ഉണ്ടായ ഒരു സംഭവം കൂടി പറയാം:
ദേവാസുര യുദ്ധത്തില്‍ ദശരഥന് ദേവപക്ഷത്ത് നിന്നു യുദ്ധം ചെയ്യുന്നു.തേര്‍ത്തട്ടില്‍ കൈകേയിയും ഉണ്ട്.പെട്ടെന്ന് രഥത്തിന്റെ കീലകം ഇളകിപോകുകയും കൈകേയി ഭര്‍തൃ രക്ഷാര്ഥം ചൂണ്ട് വിരലും നടു വിരലും ആ ദ്വാരത്തില്‍ വയ്ക്കുകയും ചെയ്തു.യുദ്ധം ജയിച രാജാവ് കേകേയപുത്രിക്ക് 2 വരം നല്‍കാം എന്നു പറയുന്നു.അതു താന്‍ സമയമാകുമ്പോള്‍ ചോദിച്ച്കൊള്ളാമെന്ന് കൈകേയിയും പറയുന്നു.
കാലം കടന്ന്പോയി.ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ ഇവര്‍ നാലുപേരും വളര്‍ന്നു.ഓര്‍ക്കുക രാജ്യം ഭരതനു മാതാവിന്റെ കന്യാശുല്കമായി ലഭിചതാണ്.
രാമരാജ്യം പടുത്തുയര്‍ത്തുന്ന മഹാന്മാരുടെ ശ്രദ്ധയ്ക്ക് “രാജ്യം രാമന്റേതല്ല ഭരതന്റെയായിരുന്നു”
ശ്രീരാമന് വളര്‍ന്നു ,അധികാര മോഹവുമായി.
ഭരതന്റെ രാജ്യം സ്വന്തമാക്കണമെന്ന മോഹവുമായി.
വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാത്രയായപ്പോള്‍ ശൈവചാപം ഒടിച്ച് സീതയെ പരിണയിച്ചത് ജനകരാജ്യത്തിനു അധികാരിയാകുവാന് മാത്രമായിരുന്നോ?അല്ല! അല്ല !
എന്റെ ചോദ്യം മറ്റൊന്നാണ്
“ ഭരതന്റെ രാജ്യത്ത് നിന്ന് എന്നെങ്കിലും നിഷ്കര്ഷിതനായാല് ചെന്ന് കയറി ഭരിക്കാന്‍ ഒരു രാജ്യം വേണ്ടേ? അവിടത്തെ ഇളയ കുമാരിയെ ഭരതന് വിവാഹം ചെയ്താല്‍ പിന്നെ ഭരതന് യുദ്ധത്തിനു ഒരുങുമോ?അയാള്‍ അനുജന്റെ സ്ഥാനത്ത് തന്നെ നില്‍ക്കില്ലേ?”
ഇവിടെ രാമയാനം അതിന്റെ പൂര്ണ്ണയാത്ര തുടങുന്നു…
നിങളൊ ഞാനോ വീട്ടില്‍ ഇല്ലാത്ത സമയത്ത് നമ്മുടെ സഹോദരങളുടെ കല്യാണം നടത്തുമോ? ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. 2 ദിവസം ഞാനോ നിങളൊ വീട്ടില്‍ ഇല്ലതിരുന്നാല്‍ എന്റെയോ നിങളുടയോ സഹോദരീ സഹോദരന്മാരുടെ വിവാഹം നടത്തുമോ? നമ്മളെ അറീയിക്കാതെ…?
ഇല്ല! എനിക്ക് തോനുന്നില്ല…
എങ്കില്‍ പിന്നേ “ എന്തിനു ശ്രീരാമ പട്ടഭിഷേകം ഭരതന് മാതൃ രാജ്യത്ത് പോയ സമയം പ്രഖ്യാപിച്ചു? അന്നേയ്ക്ക് 2 ദിവസത്തിനകം?
“ഉത്തര രാമായണത്തില്‍ രാമന് ദശരഥനുമായി 2 നാഴിക നേരം സംഭാഷണം നടത്തിയെന്നു കാണുന്നു”
മൂന്നാമ്മുറ ദശരഥനില്‍ ഉപയോഗിച്ചോ എന്ന് വാല്മീകിയ്ക്ക് പോലും അറിയില്ല!
കന്യാശുല്ക്കത്തിന്റേയും വരത്തിന്റേയും ശാപത്തിന്റേയും കഥകള്‍ അറിയുന്ന മര്യാദാപുരുഷോത്തമ്മന് ശ്രീരാമന് പിന്നെ എന്തിനു രാജ്യഭാരം തലയിലേറ്റാന്‍ പുറപ്പെട്ടു?
ശ്രീരാമന് ഒരു വെറും അധികാര മോഹിയല്ലേ?
ഇതറിഞ്ഞ കൈകേയിയെ മന്ഥര കന്യാശുല്കത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് രാജാവിന്റെയടുത്ത് വിടുകയും രാജാവിന്റെ വാക്കിനെ നിലനിര്‍ത്താന്‍ വരങളില് ഒന്നു രാജാവിനായി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയുമല്ലേ ചെയ്തത്?
രാമന് 14 സംവത്സരം വനവാസം !
രാജ്യാധികാരം ഭരതന്…
സ്വന്തം രാജ്യം ഭരിക്കാന്‍ ഭരതന് അമ്മയുടെ ഒരു വരം നഷ്ടപ്പെടുത്തേണ്ടി വന്നു… ആരു കാരണം?
യാത്രയ്ക്ക് ഒരുങവേ അവസാന ശ്രമം എന്ന രീതിയില്‍ രാമന് നാട്ടുകാരെ കയ്യില്‍ എടുക്കാന്‍ വേണ്ടിയല്ലേ സീതയോട് മരവുരി ധരിക്കുവാന്‍ പറഞ്ഞത്? ഒരു പെണ്ണ് അങുമിങും എത്താത്ത മരവുരി ധരിച്ചിറങിയാല് നാട്ടില്‍ പ്രക്ഷോഭം ഉടലെടുക്കുകയും രാമന് രാജ്യം തിരിച്ച് കിട്ടുകയും ചെയ്യും എന്നതായിരുന്നില്ലേ രാമന്റെ പദ്ധതി?
വനമദ്ധ്യേ കണ്ട ഭരതനോട് തന്റെ പാദുകം വയ്ച്ച് പൂജിച്ച് രാജ്യാതിര്‍ത്തിയില്‍ പര്‍ണ്ണശാല തീര്‍ത്ത് ഇരുന്ന് രാജ്യം ഭരിക്കുവാന്‍ പറഞ്ഞത് തന്റെ സിംഹാസനത്തില്‍ ഭരതന് ഇരികുന്നത് തടയാനല്ലേ?
മൃതനായ അച്ചന്റെ ശരീരം ദഹിപ്പിച്ചാല്‍ രാജ്യാധികാരം ഭരതന് ലഭിക്കും എന്ന് അറിവുണ്ടായിരുന്നതിനാലല്ലേ തിരികെ വരുന്നതുവരേ പിതൃ ശരീരം സൂക്ഷിക്കുവാന്‍ പറഞ്ഞത്?
തിരികെ എത്തിയതിനു ശേഷം രാമന്റെ രാജ്യാധികാരത്തിനു ചോദ്യങള്‍ നേരിടേണ്ടിവന്നതിനാല്‍ ശ്രദ്ധ തിരിച്ച് വിടാനും സ്വയം നല്ലവനാകനുമല്ലെ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ ഉപേക്ഷിച്ചത്?
ഒടുവില്‍ ലക്ഷ്മണന് എന്ന ഏകാശ്രയം ശരീരം ഉപേക്ഷിച്ചപ്പോള്‍ തനിക്ക് നിലനില്‍പ്പില്ല എന്ന അവസ്ഥയല്ലേ രാമനെ രാജ്യം 2 ആയി പകുത്ത് കുശാവതിയും 32 അക്ഷൌഹിണിപ്പടയും 4 മന്ത്രിമാരും കുശനും അതുപോലെ പകുതി പടയും മന്ത്രിമാരും ശരാവതിയില്‍ ലവനും കൊടുത്തത്?
അപ്പോള്‍ ഭരതനും ഭരതപുത്രന്മാരും രാജ്യമില്ലാത്തവരായി തീര്‍ന്നില്ലേ?
ഇതെല്ലാത്തിനുമിടയില് പുരുഷന്മാരില് ശ്രേഷ്ടന് ചെയ്ത ഉന്നതമായ പ്രവൃത്തി” വെറും വാനരനായ ബാലിയെ ഒളിയമ്പയച്ച് വധിച്ചതല്ലേ?
സര്‍വ്വലോകത്തിന്റേയും മുന്നില്‍ മര്യാദാപുരുഷോത്തമന് എന്ന പേരില്‍ രാമന് ചാര്‍ത്തിയത് തന്റെ രാജ്യാധികാരത്തിന് വേണ്ടിയുള്ള ഒരു തെരുവ് നാടകമല്ലേ?
സീതയോട് “എനിക്ക് ക്ഷണനേരം മതി ഭവതിയെ രക്ഷിപ്പാന്‍,എങ്കിലും രാമന്
രാവണനെ വധിച്ച് സീതയെ സ്വന്തമാക്കിയെങ്കിലേ രാമന്റെ പേര് നിലനില്ക്കു എന്നു പറഞ്ഞത് സ്വന്തം സ്വാര്‍ത്ഥതകൊണ്ട് മാത്രമല്ലേ?
നിങള്‍ പറയൂ യഥാര്‍ത്ഥ രാമരാജ്യം ഭരതന്റേതല്ലേ?
രാജ്യം ഭരിച ഭരതന് 14 വര്‍ഷം നന്ദീഗ്രാമത്തില്‍ ഒരാശ്രമത്തില്‍ ഇരുന്ന് ആയതുകൊണ്ട് മാത്രം ഏറ്റവും ശ്രേഷ്ടനായ രാജാവ് ഭരതനല്ലേ?
ശ്രീരാമന് പോയപ്പോള്‍ ഉള്ളതിനേക്കാള്‍ ആയിരം ഐശ്വര്യത്തോടയല്ലേ ഭരതന് രാജ്യം തിരിചു നല്‍കിയത്.അതും അധികാരമോഹിയായ ജ്യേഷ്ടന്.
മര്യാദയുടെ പേരില്‍ ശ്രീരാമന് ജനങളുടെ കണ്ണില്‍ പൊടിയിടുകയല്ലേ ചെയ്തത്???..............................
ഒരു വിശകലനം
ഞാന്‍ ആദ്യം ചോദിചിരുന്നു ഹിന്ദു ആരെന്ന്? അതില്‍ തുടങാം
ബി.സി 3372ല്‍ മായന്‍ കാലഗണന ആരംഭിക്കുനു.ഇവര്‍ മയാസുരന്റെ പിന് ഗാമികള്‍ എന്നു കരുതപ്പെടുന്നു.ബി.സി.2230ല്‍ ജ്യോതിശ്ശാസ്ത്രത്തിന്റെ ആദ്യ ഗ്രന്ഥം എഴുതപ്പെടുന്നു മെസ്സപ്പൊട്ടോമിയയില്
ബി.സി.1531ല്‍ ആര്യന്മാര് കാബൂള്‍ ( കഭാ തടം) കടന്ന് സിന്ധു നദീ തീരത്ത് എത്തുന്നു അവിടെ താമസം ഉറപ്പിക്കുന്നു.ഈ സിന്ധു ദേശക്കാര്‍ പിന്നീട് ഹിന്ദുക്കള്‍ എന്നും അറിയപ്പെട്ട്.സിന്ധുസ്ഥാനം പിന്നീട് ഹിന്ദുസ്ഥാനവുമായി
ബി സി 800-550 ല്‍ ജാതി വ്യവസ്ഥകള്‍ ആര്യന്മാര് ഊട്ടി ഉറപ്പിക്കുന്നു.ആര്യര്‍ ദ്ക്ഷിണഭാരതത്തില് കടന്നു കയറുന്നു.ഇവിടെയുള്ള ദ്രാവിഡരെ താഴ്ന്ന വര്‍ഗ്ഗമായും മുദ്രകുത്തുന്നു.അതു പിന്നീട് രാമായണത്തിലും മഹാഭാരതത്തിലും പ്രതിഫലിപ്പിക്കപെടുന്നു.
ചാത്തന് ശക്തി മാടന് സൂര്യന് ജലം വായു ചന്ദ്രന് എന്നിങനെ 7 ദൈവങള് മാത്രമുള്ള ദ്രാവിഡര്ക്ക് 33 കോടി ദൈവങളേയും നല്കി.അങനെയെങ്കില് രാമനും കൃഷ്ണനുമെല്ലാം കാബൂള്‍ കടന്ന് വന്നവരല്ലേ?
ഇനി ദശരഥനിലേയ്ക്ക്
പുത്രന്മാര് ഇല്ലതിരുന്ന ദശരഥന് യാഗം നടത്തി.ആദ്യ പുത്രിയെ ദത്തും നല്കി.എന്തിന്?
പും എന്ന നരകത്തില്‍ നിന്നും പിതാവിനു ത്രാണനം ഉണ്ടാകണമെങ്കില്‍ പുത്രന് കര്‍മ്മം ചെയ്യണം.വേദപ്രകാരം ഒരു പുത്രനു മാത്രമേ അതിനു കഴിയു.അതിനാല്‍ മാത്രമാണ് ദശരഥന് പുത്രന്മാര്ക്കായി യാഗം നടത്തിയത്.
സീതാസ്വയംവരം
ജനകന്റെ പുത്രിയായി മാത്രമല്ലേ മിക്കവര്‍ക്കും സീതയെ അറിയൂ… ഇവിടെ ഞാന്‍ ആനന്ദരാമായണം ആസ്പദമാക്കി ഒരു കഥ പറയാം…
പത്മാക്ഷനെന്ന രാജാവിന് പത്മ എന്ന ഒരു പുത്രി.ഇവളെ അപഹരിക്കാന്‍ അസുരന്മാര് വന്നപ്പോള്‍ പത്മ യാഗാഗ്നിയില്‍ ഒളിച്ചു.ഒരുനാള്‍ ആകാശത്തിലൂടെ സഞ്ചരിക്കവെ രാവണന് പത്മയെ കാണാനിടയായി.രാവണനെ കണ്ട പത്മ ജീവനും ഒടുക്കി.ആ ജഡം 5 രത്നങളായി തിരിഞ്ഞു.മനം നൊന്ത രാവണന് അവയെ 5 സ്വര്ണ്ണപേടകങളില് അടയ്ച്ച് ലങ്കയില്‍ ചെല്ലുന്നു.മണ്ഡോദരി ഒരുനാള്‍ അവയിലൊന്ന് തുറന്നു നോക്കിയപ്പോള്‍ പത്മ ഒരു കന്യകയായി ഇരിക്കുന്നത് കണ്ടു.ഇതിനെ ദൂരെ കളയുവാന്‍ രാവണനോട് പറയുന്നു.പെട്ടി അടയ്ക്കുവാനായി തുനിഞ്ഞ രാവണനോട് പത്മ ശാപം ചൊരിയുന്നു
“ഞാന്‍ നിന്നെയും നിന്റെ വംശത്തേയും നശിപ്പിക്കുവാന്‍ വീണ്ടുമീ ലങ്കയില്‍ വരും”
രാവണന് ഈ പേടകം സമുദ്രത്തില്‍ ഉപേക്ഷിക്കുകയും അതു ജനകനു പാടത്ത് നിന്നു ലഭിക്കുകയും ചെയ്യുന്നു .അങനെ ജനകാത്മജ ആവിര്‍ഭവിക്കുന്നു.
ഈ കഥകള്‍ അറിയുന്ന രാമന് അവളെ വിവാഹം കഴിക്കുന്നു.ഭൂതഭാവിവര്ത്തമാനങള് അറിയുന്ന ഏകവ്യക്തി ഭഗവാന് മാത്രമാണല്ലോ!
ഭഗവാന്റെ ഈ അവസ്ഥയേ “ബ്രഹ്മന്‍ സത്യ ജഗത് മിഥ്യ “ എന്നതിനോട് ഉപമിക്കാം…
ഭരതന് ഉള്ള സമയമായിരുന്നെങ്കില്‍ പട്ടാഭിഷേകം നടക്കുമെന്നു മാത്രമല്ല രാമന് വനവാസം നടക്കുകയുമില്ല! ഇതുകാരണം മാത്രമല്ലേ ഭരതന് ഇല്ലാത്ത നേരത്ത് രാമന് പട്ടാഭിഷേകം വിളംബരം ചെയ്തത്.
കന്യാശുല്‍ക്കമായി ലഭിച്ച തന്റെ രാജ്യം ദശരഥന് രാമന് നല്കിയാല് പ്രതിജ്ഞാലംഘനം നടക്കുമെന്നും നരകത്തില്‍ വസികുമെന്നും അറിയാമായിരുന്നതു കൊണ്ട് സ്വന്തം ഭര്‍ത്തവിനെ രക്ഷിക്കുവാനായിരുന്നു പതിവ്രതയായ കൈകേയിയുടെ ശ്രമം.
മന്ഥരയെ ഒരു ക്രൂരകഥാപാത്രമായി കണ്ടവര്‍ക്ക്…
ദുന്ദുഭി എന്ന ഗന്ധര്വിയുടെ അംശാവതാരമയിരുന്നു മന്ഥര(മഹാഭാരതം 276ആം അദ്ധ്യായം 10ആം പദ്യം).രാജാവ് കന്യാശുല്‍ക്കമായി നല്കിയ രാജ്യം രാമന് ഭരിച്ചാല്‍ തന്റെ യജമാനത്തിയുടെ ഭര്‍ത്താവ് നരകം അനുഭവിക്കേണ്ടിവരും എന്നതിനാല്‍ മാത്രമല്ലെ ഉത്തമ ദാസിയായ മന്ഥര കൈകേയിയെ പ്രകോപിപ്പിച്ചത്.ഇതു ഏഷണിയോ സത്പ്രവര്‍ത്തിയോ?
യാത്രയ്ക്ക് ഒരുങുന്ന നേരത്ത് താന്‍ രാജ്യത്ത് നിന്നു ഒരു ഉടുവസ്ത്രം പോലും എടുക്കുന്നില്ല ,സര്‍വസംഗപരിത്യാഗിയായി പോകുന്നു എന്നു കാണിക്കുവാനും മാത്രമായിരുന്നില്ലേ രാമന് മരവുരി ധരിച്ചതും സീതയോട് പറഞ്ഞതും.സീതയോട് കാനനത്തില്‍ വരാന്‍ രാമന് പറഞ്ഞതുമില്ല…ഓര്‍ക്കണം.
വനമദ്ധ്യേ കണ്ട ഭരതനോട് നന്ദീഗ്രാമത്തില്‍ തങുവാന് പറഞ്ഞത് മറ്റൊന്നുമല്ല മറിച്ച് ജനങള് ഒരു പ്രക്ഷോഭം ഉണ്ടാക്കാതിരിക്കാനും ഭരതനെ സുരക്ഷിതനായി വയ്ക്കുവാനും മാത്രമായിരുന്നില്ലേ?
വനവാസം സ്വീകരിച്ചവര്‍ അതു പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ നാട്ടില്‍ തിരിച് കയറാന്‍ പാടുള്ളുവെന്നതിനാലും മൂത്തപുത്രന് ഇരിക്കുമ്പോള്‍ ഇളയവന് അനന്തര കര്‍മ്മം ചെയ്യാന്‍ പാടില്ല എന്നതിനാലുമല്ലേ ദശരഥന്റെ ശരീരം 14 വര്‍ഷത്തേയ്ക്ക് സൂക്ഷിക്കുവാന്‍ രാമന് പറഞ്ഞത്?
കുശപക്ഷികളെ വേര്‍പിരിയിച്ച് ഗര്‍ഭിണിയായ കുശപക്ഷിയെ കൂട്ടിലടയ്ച്ച ഒരു സീതയെ നിങള്‍ അറിയില്ലേ? “ നീയും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍തൃ വിയോഗം അനുഭവിക്കട്ടെ എന്ന പക്ഷിശാപം” ഭഗവാന് സ്വന്തം ഭാര്യയെ ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുവാന്‍ സമ്മതിക്കുമോ?
ബാലിവധം
ബാലിയെ ഒളിച്ചിരുന്നു അമ്പെയ്ത ശ്രീരാമന് സ്വയം മുന്നിലേയ്ക്ക് വന്നു ആ അസ്ത്രം വാനരവീരന്റെ മാറില്‍ നിന്നു വലിച്ച് മാറ്റിയപ്പോള്‍ “ എന്തേ രാമാ,വാനരമാംസം ഭുജിപ്പാന്‍ യോഗ്യമോ?” എന്നു കളിയാക്കിയ ബാലിയോട് ഭഗവാന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ നിങള്‍?
“ഭവാന് എന്നെ നേരിട്ട് കണ്ടാല്‍ ഭക്തി പരവശനായിത്തീരും,ഭക്തനെ വധിക്കുന്നത് അധര്‍മ്മമാണ്”
ഇനി പറയൂ ബാലിവധം ശ്രീരാമന്റെ ലക്ഷ്യ പ്രയാണം മാത്രമായിരുന്നില്ലേ?
മര്യാദയുടെ പേരില്‍ ഭഗവാന് നമ്മളേ ചതിചെന്നു ഞാന്‍ പറഞ്ഞുവല്ലോ!ഇനി രാമായണം ആദ്യം മുതല്‍ക്ക് വായിക്കു …
മഹാവിഷ്ണു രാമനായും,അനന്തന് ലക്ഷ്മണനായും,ശംഖുചക്രാധികള് ഭരത ശത്രുഘ്നന്മാരായും ജനിചു എന്നല്ലേ???
നിങള്‍ ഓങ്കാരമായ പൊരുളിനെ എന്തേ നാലായി കണ്ടു?
ആദിപുരുഷന് ഉള്ള സമയം കിടയ്ക്കയ്ക്കോ ആയുധത്തിനോ പ്രാധാന്യമുണ്ടോ? എല്ലാം ഭഗവാന് തന്നെയല്ലേ?
ഭഗവാന് നന്മയുടെ വഴിയും വിജയവും മനുഷ്യന് എന്തു ചെയ്യണമെന്നും എങനെ നേടണമെന്നും പറഞ്ഞറിയിക്കുവാന്‍ മാത്രമായി എടുത്ത അവതാരമല്ലേ ശ്രീരാമചന്ദ്രന്…
ഭരതന്റെയല്ലേ ഭാരത രാജ്യം എന്നു ഞാന്‍ പറഞ്ഞു! ആരെങ്കിലും ചിന്തിച്ചുവോ “ഭഗവാന്റെയല്ലേ ഈ പ്രപഞ്ചം?”
നന്മതിന്മകളേ വര്തിരിച്ചറിയുവാനും ജന്മ കര്മ്മങളേ മനസിലാക്കുവാനും ജഡതയേ പുനര്ചിന്തിക്കുവാനും അറിവായി പകര്‍ന്നു നല്കുവാനും ഭഗവാന് എടുത്ത അവതാരമല്ലേ ശ്രീരാമന്…..
ഞാന്‍ ഈ എഴുതിയതെല്ലാം എന്റെ വെറും ഭ്രാന്തു മാത്രമാകാം.എങ്കിലും ഇവ തെറ്റാണെന്ന് തോന്നുന്നില്ല.എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ നിങള്‍ക്കായി രാമന് എന്ന ഞാന്‍ എഴുതുന്ന അവസാനത്തെ ലേഖനമാണിത്.
രാമകൃഷ്ണന് എന്ന എന്നിലെ രാമനേയും കൃഷ്ണനേയും ഞാന്‍ വേര്‍തിരിച്ചു.ഇനി എന്നില്‍ ഒന്നും ബാക്കിയില്ല .ഒന്നും…
എഴുത്തുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു.
പതിതന്റെ തൂലികയില്‍ മഷി തീര്‍ന്നുപോയി…
നിര്‍ത്തുന്നു
നിര്‍ത്തുകയാണ് ഞാന്‍ എന്റെ തൂലിക എന്നെന്നേയ്ക്കുമായി.
രാമകൃഷ്ണന്
03-04-2010 - 13-04-2010