Sunday, December 28, 2008

അമ്മ


അമ്മഈ രണ്ടക്ഷരം മാത്രമായിരുന്നു എനിക്കാകെ അറിയാമായിരുന്നത്.ഇതില്‍ മാത്രമായിരുന്നു ഞാന്‍ ജീവിചിരുന്നതു.ആരും ഒരിക്കലും എന്നെനോക്കി ചിരിചിരുന്നില്ല.പലപ്പോഴും സഹതാപതോടെ എന്നെ നോക്കി മന്ദഹസിക്കുമായിരുന്നു.നിഷ്ക്കളങ്കയായി ഞാന്‍ നില്‍ക്കുമായിരുന്നു.ഒരു തെറ്റും ചെയ്യാത്ത എന്നെ പലപ്പോഴും പരിഹസിക്കുമ്പോഴും ഞാന്‍ അവരെ നോക്കി ചിരിക്കുമായിരുന്നു.”എന്തേ ഞാനും ഇവരെ പോലെ മനുഷ്യയല്ലെ?”

എനിക്കിവരോട് സംസാരിക്കണമെന്നുണ്ടായിരുന്നു,എനിക്കും ഇവരോട് ദേഷ്യപെടണമെന്നുണ്ടായിരുന്നു,പരിഹസിക്കണമെന്നുണ്ടായിരുന്നു.പക്ഷെ എനിക്കറിയുന്ന രണ്ടേ രണ്ട് വാക്കു ‘അമ്മ’ എന്നായിരുന്നു.

അമ്മ എന്നും എനിക്ക് താങും തണലുമായിരുന്നു. എന്നെ ആരും നോക്കിപ്പരിഹസിക്കാതിരിക്കാന്‍ അമ്മ ശ്രദ്ധിചിരുന്നു. അമ്മ എനിക്കായി പാട്ടുപാടുമായിരുന്നു , എനിക്കായി സംസാരിക്കും , ചോറ് വാരിത്തരും , എന്നെ കുളിപ്പിക്കും , പൊവ്ഡര്‍ ഇടീക്കും., എന്നോടൊപ്പം ഉറങും

എന്നേ രക്ഷിക്കയെന്നു ചൊന്നാലും ഉപേക്ഷിക്കുന്നവരുടെ ഇടയില്‍ ഒന്നും ചൊല്ലാതെ തന്നെ അമ്മ എന്നെ രക്ഷിക്കുമായിരുന്നു.അമ്മയ്ക്കായി മാത്രം ഞാന്‍ ചിരിചിരുന്നു,ഡാന്‍സ് കളീചിരുന്നു.എങ്കിലും എനിക്കീ ലോകത്തേ വല്ലാത്ത പേടിയായിരുന്നു.“അവരല്ലേ എന്നെ വെറുത്തതു?”

ഞാനും കൂട്ടുകൂടി,പൂക്കളോട്,കുഞ്ഞുറുമ്പുകളോട്,പൂമ്പാറ്റകളോട്,അമ്മ പുറത്തേയ്ക്കു വിടുമ്പോള്‍ കുരുവുകളോട് പാട്ടുപാടി ഞാന്‍ മത്സരിക്കുമായിരുന്നു.അവര്‍ എന്നോട് സംസാരിക്കുമായിരുന്നു,ഞാന്‍ അവരോടും.അവരെപ്പോലെ പറക്കാന്‍ എനിക്കിഷ്ടമായിരുന്നു

എന്റേ വീട്,ഓലമേഞ്ഞ ഒരു കുഞ്ഞു വീടായിരുന്നു.അതില്‍ ഞാനും അമ്മയും മാത്രമായിരുന്നു അന്തേവാസികള്‍,പിന്നെ രാത്രികളില്‍ അമ്മയ്ക്കു കൂട്ടയി എത്തിയിരുന്ന വല്യ ആലുകളും.എനിക്കെന്റെ അമ്മയെ ഒരുപാടൊരുപാടിഷ്ടമായിരുന്നു,എന്റെ വീടിന്റെ മുകളിലുള്ള ആകാശത്തോളം,മഴ-പെയ്യുമ്പോള്‍ വീടിനുള്ളിലേക്ക് എത്തുന്ന മഴത്തുള്ളുകളോളം

വീടിന്റെ ഉള്ളില്‍ വരുന്ന ആരും എന്നെ നോക്കിയിരുന്നില്ല,എന്തോ എന്റെ കുഞ്ഞു കാലില്‍ കെട്ടിയിട്ടുള്ള കുഞ്ഞു ചങല കണ്ടിട്ടായിരിക്കും.ഇവര്‍ക്കറിയില്ലല്ലൊ അതു എനിക്കായി അമ്മ തന്ന കൊലുസാണെന്ന്

അമ്മ എന്നും രാവിലെ പണിക്കു പോകും,പിന്നെ ഞാന്‍ ഒറ്റയ്ക്കാണ്‍.കുഞ്ഞുറുമ്പുകളോടും,കൊതുകുകളോടും കഥപറഞ്ഞ് ഞാന്‍ കളിക്കും.പലപല കഥകള്‍ പറയുമായിരുന്നു ഞാന്‍. ഒരിക്കല്‍ മാത്രം എന്റെ കഥ ഇഷ്ട്ടപ്പെടാതെ കുഞ്ഞുറുമ്പുകള്‍ എന്നെ കടിച്ചത്. എന്നെ മുഴുവനായി കടിച്ചു മുറിച്ചു. ഞാനും വിട്ടില്ല,തിരിചുക്കടിച്ചു,പക്ഷെ എന്റെ കുഞ്ഞു പല്ലുകളേക്കാള്‍ കൂടുത്തല്‍ ഉറുമ്പുകള്‍ ഉണ്ടായിരുന്നു.അമ്മ വന്നു നോക്കിയപ്പോള്‍ ഉറുമ്പില്‍ പുതചു കിടക്കുന്ന എന്നെയാണ്‍ കണ്ടത്.എന്റെ അമ്മ മുഴുവന്‍ കുഞ്ഞുറുമ്പുകളേയും കൊന്നു കളഞ്ഞു.കഷ്ടം,

അമ്മയ്ക്കറിയില്ലല്ലൊ അവര്‍ എന്റെ കൂട്ടുകാരാണെന്ന്. അതിനു ശേഷം അമ്മ എന്നെ എന്നും കട്ടിലില്‍ ഇരുത്തിയിട്ടേ പോകൂ.കട്ടിലിന്റെ ചുവട്ടില്‍ എന്റെ കൊലുസും കെട്ടിയിടും.

അങനെ ഒരിക്കലാണ്‍ പുറത്ത് ഒരാള്‍ പറയുന്നതു കേട്ടത്,അമ്മയ്ക്ക് നാലു വര്‍ഷം മുന്‍പ് കിട്ടിയ സമ്മാനമാണത്ത്രേ മൂന്നു വയസ്സുള്ള ബുദ്ധിയുറയ്ക്കാത്ത ഈ ഞാന്‍. എനിക്ക് വല്യ സന്തോഷമായി .അമ്മയ്ക്ക് കിട്ടിയ സമ്മാനമല്ലേ ഞാന്‍.

അന്നാണ്‍ രാവിലെ അമ്മയെ മൂന്നാളുകള്‍ വന്നു ഒരു വല്യ വണ്ടിയില്‍ കയറ്റി കൊണ്ടുപോയതു.പിന്നീട് അപ്പുറത്തേ അമ്മായി വന്നുഎനിക്ക് ആഹാരം തന്നപ്പോഴാണ്‍ പിറുപിറുത്തത്, ‘തേവിടിസ്സി,അവളെ പൊലീസിനു പിടിക്കാന്‍ കണ്ട നേരം,ഈ മാരണത്തേ നോക്കേണ്ടി വന്നല്ലോ ഈശ്വരാ’.അപ്പോഴാണ്‍ എനിക്ക് മനസിലായതു,എന്റെ അമ്മയുടെ പേരെന്താണെന്ന്,എന്റേതും

വൈകുന്നേരമായപ്പോള്‍ അമ്മ കരഞ്ഞു തളര്‍ന്ന് വന്നു കയറി.വന്നപ്പോള്‍ അമ്മയുടെ കയ്യില്‍ എനിക്കിഷ്ടപ്പെട്ട മുട്ട വച ചോറും കറികളും ഉണ്ടായിരുന്നു.

ഇന്നമ്മ ഒരുപാടൊരുപാട് കഥകള്‍ പറഞ്ഞു തന്നു,എന്നെ ഒരുപാട് ചിരിപ്പിച്ചു,ഒരുപാട് കരഞ്ഞു എന്റേ അമ്മ.എനിക്കമ്മ ചോറ് വാരി വാരിത്തന്നു.അമ്മയും കഴിച്ചു.അമ്മ പാട്ടുപാടി,ഞാന്‍ ഡാന്‍സും കളിച്ചു.

ഇപ്പോള്‍ ഇതാ കളിച്ചു തളര്‍ന്ന് ഞാന്‍ ഈ തറയില്‍ കിടക്കുമ്പോള്‍ അമ്മ അതാ അവിടെ കിടന്നു കൈകള്‍ തറയില്‍ അടിച്ച് കരയുന്നു,അതാ അമ്മ ഉറങി വീഴുന്നു.എനിക്കും വല്ലാതെ വയറ് വേദനിക്കുന്നു.തല കറങുന്നു.;

“ അമ്മേഎന്തോ എന്നെ കൊത്തി വലിക്കുന്നുഎന്റെ കണ്ണുകളില്‍ ഇരുട്ട് മൂടുന്നുഅമ്മേ, അമ്മേഅമ്മേ ഞാന്‍ ഉറങി പോകുന്നു.”

സ്വന്തം രാമകൃഷ്ണന്‍ 28/12/2008